Monday, January 12, 2015

ചേച്ചി


 കോളേജിൽ നിന്നും മടങ്ങി വരുന്ന   ചേച്ചി യെ കാത്ത് ഭാസ്കരമ്മാവൻ വരാന്തയിൽ തന്നെ നിൽ പ്പുണ്ടായിരുന്നു  . ചേച്ചി കോലായയിൽ  കയറുമ്പോഴേക്കും അമ്മാമന്റെ  ആദ്യത്തെ അടി ഇടതു ചെവിക്കുള്ളിൽ ഒരു മൂളലായി   . മുട്ടോളം എത്തുന്ന മുടി കൂട്ടി പിടിച്ച്  പടിഞ്ഞാറ്റ ക്ക് പിന്നിലുള്ള ചായ്പിലിട്ടു തല്ലി   ചതക്കുമ്പൊഴും ചേച്ചി കരഞ്ഞില്ല,ഒന്നും പറഞ്ഞുമില്ല  . ഒടുവിൽ മതി ഏട്ടാ ഇനിയും തല്ലിയാൽ എന്റെ മോള്  ഇല്ലാണ്ടായിപ്പോകും എന്ന്  അമ്മ യുടെ കണ്ണീരിൽ കഴുകിയ യാചനക്കു ശേഷമാണ് അമ്മാവൻ  തന്റെ പടയും പോരുവിളിയും നിർത്തിയത് . അമ്മ പ്രത്യേകിച്ച് ഉണ്ടാക്കിയ ഇലയട കഴിക്കാൻ നില്ക്കാതെ അമ്മാവൻ  ഇറങ്ങി നടന്നു

എന്തിനാണ്  അമ്മാവന് ദേഷ്യം പിടിച്ചതെന്ന് ചേച്ചിയോ  അമ്മയോ പറഞ്ഞില്ല  . രാത്രി വൈകും വരെ അമ്മ അടുക്കള യിലിരുന്നു കരഞ്ഞു. ഒന്നും കഴിക്കാതെ,   ചായ്പ്പിലെ പത്തായം ചാരി, ചേച്ചി  രാത്രി മുഴുവൻ ഒറ്റ നില്പ്  നിന്നു . അമ്മ സമാധാനിപ്പിക്കാൻ നോക്കിയിട്ടും , ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും ചേച്ചി ചായ്പ്പിൽ നിന്നും പുറത്തിറങ്ങി യില്ല . എത്ര പറഞ്ഞിട്ടും പിന്നെ കോളേജിൽ പോയില്ല, കല്യാണം കഴിക്കാൻ സമ്മതിച്ചുമില്ല.


ഭാസ്കര മ്മാവന്റെ മോള്    മംഗലാപുരത്ത് നിന്ന് രണ്ടു സർട്ടിഫിക്കറ്റുകളും കൊണ്ടാണ് വന്നത് . ഒന്ന് നഴ്സിംഗ് ഡിഗ്രിയുടേത്     , രണ്ടാമത്തേത്  ഭാസ്കര മ്മാമ ന്റെ മുഖത്തേക്ക് നീട്ടി അവൾ , സംഗതി കൃത്യ മായി പറഞ്ഞു . ആറു മാസമായി കല്യാണം കഴിഞ്ഞിട്ട് , ഭർത്താവ്   ക്രിസ്ത്യാനി   യാണ്. അംഗീകരി ച്ചാലും ഇല്ലെങ്കിലും  തനിക്ക് പോണം. പോയേ പറ്റൂ

കല്യാണവിവരം പറയാൻ  വന്ന അമ്മാമൻ എന്തോ , ചാരുകസേരയിൽ ഇരുന്നില്ല. കോനായയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അമ്മാമന്റെ  വലിയ നെറ്റിയിൽ ചുളിവുകൾ ഒറ്റയും ഇരട്ടയും കളിച്ചു.

എന്താ ചെയ്യാ സുമിത്രേ ഇപ്പളത്തെ കുട്ട്യേളല്ലേ എന്ന് പറഞ്ഞ അമ്മാവനോടു കുട്ട്യേള്  എന്നും കുട്ട്യേളു  തന്നെ ഏട്ടാ, അത് ആർക്കായാലും   എന്ന് അമ്മ മുരണ്ടു

അന്നാണ് ചേച്ചിയും ഭാസ്കര മ്മാവനും വീണ്ടും കാണുന്നത്. ചായ്പ്പിലെ ഇരുളിൽ അമ്മാമൻ ചേച്ചിയെ ചേർത്ത് പിടിച്ച് പൊട്ടിപ്പൊട്ടി  കരഞ്ഞു.പടിഞ്ഞാറ്റ യിലെ ദൈവങ്ങൾ ക്ക്  മുൻപിൽ അമ്മയും.

 അറുപതു കോൽ താഴ്ചയിൽ മുടങ്ങിപ്പോയെങ്കിലും അന്ന് രാത്രിയാണ് ചേച്ചി  ജീവിതത്തിൽ നിന്നും പാതാളത്തിലേക്ക്  ഒളിച്ചോടിയത്‌.